Monday, April 12, 2010

വിഷുക്കാല ഓര്‍മ്മകള്‍...



ഞങ്ങളുടെ കുട്ടിക്കാലത്ത് വിഷു ഒരു ഭയങ്കര ഉത്സവം തന്നെ ആയിരിന്നു.. ഏപ്രില്‍ - മെയ്‌ മാസങ്ങള്‍ സ്കൂള്‍ അവധി ആയതിനാല്‍ ശരിക്കും ഞങ്ങള്‍ വിഷു കൊണ്ടാടിയിരിന്നു.. അമ്പലവും , ആലും, ആല്‍ത്തറയും, കായലും, അമ്പലക്കുളവും ഒക്കെയുള്ള വളരെ പ്രകൃതി സുന്ദരമായ ഒരു ഗ്രാമമാണ്‌ ഞങ്ങളുടേത്...


വിഷു എന്ന് കേട്ടാല്‍ ഞങ്ങള്‍ ആണ്‍കുട്ടികളുടെ മനസില്‍ ആദ്യം ഓടിഎത്തുന്നത് പടക്കം തന്നെ.. ഓലകൊണ്ട് ഉണ്ടാക്കുന്ന ഓലപടക്കം, (അതില്‍ത്തന്നെ കൂടിയതാണ് മിന്നല്‍ പടക്കം), പേപ്പര്‍ കൊണ്ട് ഉണ്ടാക്കുന്ന പാളി പടക്കം, ഏറു പടക്കം (എറിഞ്ഞാല്‍ പൊട്ടുന്നത്, ശെരിക്കും ഒരു ചെറിയ ബോംബു പോലെ), കമ്പിത്തിരി, മത്താപ്പ്, പമ്പ് ഗുളിക (ഒരു ടാബ്ലെറ്റ് ടൈപ്പ്, കത്തിച്ചു കഴിയുമ്പോള്‍ ഒരു പാമ്പിനെ പോലെ വലുതായി വരുന്നതു) തുടങ്ങിയവ ആയിരിന്നു പ്രധാന ഐറ്റംസ്.. വിഷു കഴിയുമ്പോള്‍ കയ്യി പോക്കാന്‍കഴിയില്ല... ഏറു പടക്കം എറിഞ്ഞു വല്ലാത്ത വേദന ആയിരിക്കും.. ഞങ്ങള്‍ കൂട്ടുകാരെല്ലാവരും ചേര്‍ന്ന് വീടുകളില്‍ കണി കൊണ്ടുപോകു മായിരിന്നു.. അതൊരു നല്ല വരുമാനം ഉള്ള ഏര്‍പ്പാടാണ്... ഭഗവന്‍ കൃഷ്ണന്റെ പ്രതിമയോ, ഫോട്ടോയോ ഒരു നല്ല തടി കസേരയില്‍ നല്ല പോലെ അലങ്കരിച്ചു ഒരു ക്ഷേത്രത്തിന്റെ മാതൃകയില്‍ ആക്കി ആണ് കണി കൊണ്ടുപോകുന്നത്.. അമ്പലത്തിനടുത്തുള്ള കളിത്തട്ടില്‍ വെച്ചാണ്‌ ഞങ്ങള്‍ കണി തയ്യാറാക്കുന്നത്.. രാത്രി പന്ത്രട് മണി ആയാല്‍ കണിയുമായി ഇറങ്ങുകയായി... അമ്പലത്തില്‍ ഭജനയ്ക്ക്  ഉപയോഗിക്കുന്ന ഗെഞ്ച്ര, ശ്രുതി പെട്ടി, തുടങ്ങിയ ചെറിയ വാദ്യങ്ങളും ഉണ്ടാവും . അലങ്കരിച്ച കസേര രണ്ടുപേര്‍ കൂടി പിടിച്ചാണ് കൊണ്ട് പോകുന്നതു.. അതു കൊണ്ടുപോയി വീടിന്‍റെ മുന്നില്‍ വെയ്ക്കും... എന്നിട്ട് ഞങ്ങള്‍ ഇരുട്ടിലേയ്ക്കു മാറിനിന്നു  

"കണി കാണും നേരം കമല നെത്രന്റെ
നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തി" എന്ന് തുന്ടങ്ങുന്ന പാട്ടുപാടി വീട്ടുകാരെ ഉണര്‍ത്തും
"കണി കാണും നേരം കമല നേത്രന്റെ നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തി
കനക കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞു കാണേണം ഭഗവാനെ
നരക വൈരിയാം അരവിന്ദക്ഷന്റെ ചെറിയ നാളത്തെ കളികളും
തിരുമെയ്‌ ശോഭയും തഴുകി പൂകുന്നേന്‍ അടുത്ത് വാ ഉണ്ണി കണി കാണ്മാന്‍
മലര്‍ മാതിന്‍ കാന്തന്‍ വാസുദേവാത്മാജന്‍ പുലര്‍കാലേ പാടി കുഴലൂതി
ചെലുചെലെയെന്നു കിലുങ്ങും കാഞ്ചന ചിലംബിട്ടോടി കണി കാണ്മാന്‍
ശിശുക്കളയുള്ള സഖിമാരും താനും പശുക്കളെ മേയ്ച്ചു നടകുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണ വശത്തു വാ ഉണ്ണി കണി കാണ്മാന്‍
ബാല സ്ത്രീകടെ തുകിലും വാരികൊണ്ടഅരയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലകേടുകള്‍ പറഞ്ഞും ഭാവിച്ചും നീലകാര്‍വര്‍ണ്ണ കണി കാണ്മാന്‍
എതിരെ ഗോവിന്ദന്‍ അരികെ വന്നോരോ പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും പാല്‍ മന്ദസ്മിതവും തൂകിവാ കണി കാണ്മാന്‍ "

രസകരമായ മറ്റൊരുകാര്യം എന്തെന്ന്നാല്‍ പിറ്റേന്ന് വിഷു ആയതിനാല്‍ ഏറെ ആള്‍ക്കാരും രാത്രി ഏറെ വൈകിയാവും ഉറങ്ങുന്നത്.. പിറ്റേ ദിവസത്തേക്കുള്ള തയ്യാറെടുപ്പില്‍ എല്ലാവരും ഉറങ്ങാന്‍ വളരെ ലേറ്റ് ആവും... അതുകൊണ്ട് ഞങ്ങള്‍ കണിയും കൊണ്ട് ചെല്ലുമ്പോള്‍ ചില വീട്ടുകാര്‍ പറയും "മക്കളെ ഞങ്ങള്‍ ഉറങ്ങാന്‍ പോവുന്നെ ഉള്ളു.. നിങ്ങള്‍ പോയിട്ട് നേരം വെളുക്കാനവുംപോള്‍ വരൂ?
ചിലരൊക്കെ എത്ര പട്ടുപാടിയാലും ഉണരില്ല. ചിലരൊക്കെ.. ഉറക്കം നടിച്ചു കിടക്കും, കാരണം കണി കണ്ടുകഴിഞ്ഞാല് കാണിക്ക ഇടനാമല്ലോ , അതാണല്ലോ ഞങ്ങള്ളുടെ പ്രധാന ആവശ്യവും, ലെക്ഷ്യവും.. ചിലരൊക്കെ പതുപൈസ ഇട്ടു ഞങളെ കളിപ്പിക്കും, അഥവാ ആരെങ്കിലും ഉറക്കം നടിച്ചു ഉറങ്ങാതെ കിടന്നാല്‍ .. ഞങ്ങള്‍ എന്തെങ്കിലും നാശം ചെയ്തിട്ടേ പോവൂ.. ഇതിനിടയില്‍ ചെറിയ മോശങ്ങളും ഞങ്ങള്‍ ചെയ്യാറുണ്ട്.. മോഷണം എന്ന് പറഞ്ഞാല്‍ അത്ര വലിയ മോഷണം ഒന്നും അല്ല.. വിഷുക്കാലത്ത് മാമ്പഴ കാലമാണ് ... മിക്ക വീടുകളിലും ഒരുപാടു മാവും മാങ്ങയും ഒക്കെ കാണും.. അപ്പോള്‍ കുറച്ചൊക്കെ ഞങ്ങളും കയ്യില്‍ ആക്കും..

കണിയൊക്കെ റെഡിയാക്കി ആദ്യത്തെ വീട്ടില്‍ എത്തുന്നതിനു മുന്നേ തന്നെ, കൃഷ്ണന്റെ പ്രതിമ പൊട്ടിപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.. പിന്നെ കസേരയും ആയിട്ട് തോട്ടില്‍ വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്, അതോക്കെ മറക്കാനാവാത്ത ഞങ്ങളുടെ ബാല്യകാല സ്മരണകള്‍ തന്നെ ആണ്..


വിഷു കണിയില്‍ തന്നെ ഞങ്ങള്‍ പല പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.. അതില്‍ ഒന്നയിരിന്നു ടേപ്പ് രേകര്ടെര്‍ വെച്ച് പട്ടുകെല്പ്പിക്കുക .. കാരണം പലര്‍ക്കും പാടാന്‍ നന്നായി അറിയില്ലയിരിന്നു.. പിന്നെ കൂടത്തില്‍ ഒരുകുട്ടിയെ കൃഷ്ണനായി ഒരിക്കിയും ഞങ്ങള്‍ കണി കൊണ്ടുപോയിരിന്നു.


നേരം പുലരുപോള്‍ അമ്പലകുളത്തില്‍ പോയി കുളിച്ചു , ക്ഷേത്രത്തില്‍ പോയി തൊഴുതു, കാണിക്കയും വാങ്ങി.. കാണിക്കു കിട്ടിയ പൈസ തുല്യമായി വീതിച്ചു.. ഉച്ച ഊണിനു ശേഷം മാറ്റിനിക്കു പോകും.. അന്നൊക്കെ ടെലിവിഷന്‍ വരവ് തുടങ്ങിയിട്ടേ ഉള്ളു .. ഇന്നത്തെ പോലെ കേബിള്യും DTH, ഒന്നും അന്നില്ല... അന്ന് മാറ്റിനിക്കു പോയി "ബെഞ്ച്‌" ലിരുന്നു ഒരു സിനിമ... ഏതാണ്ട് നാല്‍പതു പൈസ യാണ് അന്നൊക്കെ ബെഞ്ചിന്റെ ചാര്‍ജ്.. പിന്നെ വൈകുന്നേരം വന്നു പടക്കം പൊട്ടിക്കല്‍ തുടങ്ങുകയായി ... ഇങ്ങനെ ഒക്കയയരിരിന്നു ഞങ്ങളുടെ കുട്ടികാലത്തെ വിഷു.

ശെരിക്കും ഒരു കാര്‍ഷികോത്സവമാണ്‌ വിഷു. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. പഞ്ചാബില്‍ വിഷുവിനു തുല്യമായ ഉത്സവം ആണ് വൈസാഖി എന്ന പേരില്‍ ആഖോഷിക്കുന്നത്..വിളവെടുപ്പ് ഉത്സവം എന്നും പറയാം..  വിഷു  എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായി വരുന്ന ദിവസം.. 
വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവിന് അരിമാവണിയിച്ച് പൂജിച്ച കലപ്പയും കൈക്കോട്ടുമായി പുരുഷന്മാര്‍ കാരണവരുടെ നേതൃത്വത്തില്‍ വയലിലേക്ക് ഇറങ്ങും. നേദിച്ച അട വയലില്‍ സമര്‍പ്പിച്ച ശേഷം ചെറു ചാലുകള്‍ കീറി ചാണകവും പച്ചിലയും ഇട്ട് മൂടുന്നു. ഇതിനാണ് വിഷുച്ചാല്‍ കീറുക എന്ന് പറയുന്നത്. ഇതൊക്കെ പണ്ട് കാലത്ത് ഉണ്ടായിരുന്ന ആചാരങ്ങള്‍ ആണ്.. എന്നാല്‍ ഇതൊന്നും ഞാന്‍പോലും എന്റെ കുട്ടിക്കാലത്ത് കണ്ടിട്ടില്ല.. എന്നാല്‍ ഇന്ന് കേരളത്തില്‍ കൃഷി പോലും നിലച്ചിരിക്കുന്നു.. ആചാരങ്ങള്‍ അന്യം നിന്നിരിക്കുന്നു..
വിഷുവിന് ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ ഒരുക്കാറുണ്ട്. സദ്യയില്‍ മാമ്പഴപുളിശ്ശേരി നിര്‍ബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയില്‍ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. ചക്കയും മാങ്ങയും നിറഞ്ഞു നില്‍ക്കുന്ന കാലമായതുകൊണ്ടാവാമിത്‌. എന്നാല്‍ ഇന്ന് എല്ലാം റെഡി ആയി മാര്‍ക്കറ്റില്‍ കിട്ടനുള്ളപ്പോള്‍ സദ്യ ഒരുക്കലും വളരെ എളുപ്പമായി.. ഇവിടെ പല ഹോട്ടല്‍കളിലും വിഷു സദ്യയും, ഓണ സദ്യ യും ഒക്കെ മുന്‍‌കൂര്‍ തന്നെ ബുക്ക്‌ ചെയ്യാവുന്നതാണ്..
തലേനാള്‍ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വര്‍ഷത്തെ വരവേല്‍ക്കുയും ആണ് ഇതിന്റെ ഉദ്ദേശം. ദീപാവലിക്ക് വടക്കേ ഇന്ത്യയില്‍ ഇതേ രീതിയില്‍ ഒരു ശുദ്ധീകരണം നടത്താറുണ്ട്‌ വീടുകളില്‍.. അതോടെ വീടുകളില്‍ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാര്‍ന്നതുമായ വിഷുപ്പടക്കങ്ങള്‍ കത്തിക്കുന്നത് കേരളത്തില്‍ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു..

സമഭാവനയുടെയും ആഹ്ലാദത്തിന്റെയും, സമൃദ്ധിയുടെയും നിറവായി ഒരു വിഷു കൂടി. പൊള്ളുന്ന മീന വേനലിന്റെ ദയാരഹിത പകലുകള്‍ക്ക്‌ അറുതി. ഋതുഭേദങ്ങളില്‍ പ്രകൃതിയുടെ ആര്‍ദ്ര താളം. സമൃദ്ധിയുടെ സ്വര്‍ണ നൂലിഴകള്‍ പാകി പ്രകൃതി അണിഞ്ഞൊരുങ്ങുകയാണ്‌. ഐശ്വര്യത്തിന്റെ സന്ദേശവുമായി വീണ്ടുമൊരു വിഷുപ്പുലരി കൂടി; സമൃദ്ധിയുടെ നാളുകളിലേക്ക്‌ നമ്മെ നയിക്കുവാന്‍. ജീവിതത്തിന്റെ കലപില ശബ്ദങ്ങള്‍ക്കിടയില്‍ നിന്ന്‌ അടര്‍ത്തിമാറ്റി മലയാളികള്‍ക്ക്‌ മാത്രമായി (ഇങ്ങിനെ പറയുന്നതില്‍ തെറ്റുണ്ടോ എന്ന് ഒരു സംശയം ഇല്ലാതെ ഇല്ല?) ഒരു ദിവസം നവോന്മേഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിറപറകള്‍ ഒരുക്കി ഈ വിഷുവിനെയും കേരളം വരവേല്‍ക്കുന്നു.

വിഷുവിനെ സംബന്ധിച്ച്‌  ഐതിഹ്യങ്ങള്‍ പുരാണങ്ങളില്‍ കാണുന്നു.  നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിവസമാണ്‌ വിഷുവെന്നും പറയപെടുന്നു.. എന്തായാലും തിന്മയുടെ മേല്‍ വിജയം കുറിച്ച ദിവസമാണ് വിഷു.
വിഷുദിനത്തില്‍ സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്ക്‌ നേരെ വരുന്നു. ഇതും ഒരു തുല്യത ആണ്  രാത്രിയും  പകലും തുല്യമായി വരുന്ന ദിവസം എന്നതാണ്‌ വിഷുവിന്റെ ജ്യോതി ശാസ്ത്ര പ്രസക്തി. തമിഴ് നാട്ടില്‍  ഇത്‌ പുതുവത്സര ദിനം കൂടിയാണ്‌. നമ്മുടെ മനസ്സും കാലവുമെല്ലാം മാറിപ്പോയെങ്കിലും അപൂര്‍വമായി ഒരു നിയോഗം പോലെ നാട്ടിന്‍പുറങ്ങളില്‍ പൂത്തുലയുന്ന കണിക്കൊന്നകള് . ഡല്‍ഹിയില്‍ വിഷു കഴിഞ്ഞ ശേഷമാണ് സാധാരണ കണിക്കൊന്ന പൂക്കുന്നത്,   കണി കാണാനും കൈനീട്ടം വാങ്ങാനും കാത്തിരിക്കുന്ന വിഷുപുലരി. ആഹ്ലാദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ തേടുന്ന മേടപ്പകല്‍. പ്രകൃതിയാകെ മഞ്ഞയുടെ ശോഭയില്‍ കുളിച്ചൊരുങ്ങുന്നു. തൊടികളിലെങ്ങും പൊന്നരഞ്ഞാണം തൂക്കി നില്‍ക്കുന്ന കണിക്കൊന്നകള്‍ പ്രകൃതിയുടെ ഗൃഹാതുരത്വം കലര്‍ന്ന ഒരു വികാരമായി മനസ്സിലേക്ക്‌ പെയ്തിറങ്ങുന്നു. ഒപ്പം വിത്തും കൈക്കോട്ടും പാടി വിഷുപക്ഷിയെത്തും. 
കാര്‍ഷിക ഉത്സവം എന്നതിന് ഉപരി വിഷു കുട്ടികളുടെ ഉത്സവമാണ്‌. പടക്കം പൊട്ടിക്കല്‍, പൂത്തിരികത്തിച്ച്‌ നിര്‍വൃതിനേടാന്‍ കൊതിക്കാത്ത കുട്ടികളില്ല. വേനലവധിയുടെ കളികളത്തില്‍ തമിര്‍ക്കുന്ന കുട്ടികള്‍ക്ക്‌ മുന്നില്‍ വിഷു ആഹ്ലാദത്തിന്റെ ലോകം തുറക്കുന്നു, പുത്തനുടുപ്പുകളും വിഷുസദ്യയും എല്ലാറ്റിനുമുപരി വിഷുപ്പടക്കങ്ങളും കുട്ടികള്‍ക്ക്‌ ഹരമേകുകയും പ്രായഭേദമേന്യേ ഏവരെയും ആകര്‍ഷിക്കുകയും ചെയ്യുന്നു. വിഷുപ്പക്ഷി പാടിയെത്തുമ്പോള്‍ മലയാളി കര്‍ഷകര്‍ ഒരു വര്‍ഷത്തേക്കുള്ള കാര്‍ഷിക വൃത്തിയുടെ തുടക്കം കുറിക്കുന്നു. വിഷുപ്പുലരിയില്‍ ചപ്പുചവറുകള്‍ അടിച്ചുകൂട്ടി തീയിടുന്നതും അതിന്റെ വെളിച്ചം ഫലവൃക്ഷാദികളെയും വളര്‍ത്തുമൃഗാദികളെയും കാണിക്കുന്നതും ഐശ്വര്യ ദായകമാണെന്നാണ്‌ പഴമക്കാരുടെ വിശ്വാസം. 
പക്ഷെ ഇന്ന്‌ വിഷുവിന്റെ പ്രാധാന്യത്തിന്‌ ഒരു പ്രസക്തി ഇല്ല... വയലുകളില്‍ പുത്തന്‍ കലപ്പകൊണ്ട്‌ ചാല്‍ കീറി വിത്ത്‌ ഇടുന്ന പതിവ്‌ ഇന്നില്ല. ഇന്നത്തെ കുട്ടികള്‍   കലപ്പ  പോലും കണ്ടിട്ടുണ്ടാവില്ല.. പണ്ട് എന്റെ കുട്ടിക്കാലത്ത് വീടിനടുത്തുള്ള "ചെല്ലന്‍" ചേട്ടന്‍ കാളയെ  പൂട്ടി കലപ്പകൊണ്ട് നിലം ഉഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. ഇന്ന്   കണിക്കൊന്നപോലും കാലം തെറ്റിയാണ്‌ പൂക്കുന്നത്‌. വിഷുവിന്റെ വരവു വിളിച്ചറിക്കുന്ന വിഷുപക്ഷിയുടെ മനോഹരഗാനം കേള്‍ക്കാനെ ഇല്ല. ശിവകാശിയില്‍നിന്നെത്തുന്ന പടക്കങ്ങളും, തമിഴ്‌നാട്ടില്‍നിന്ന്‌ ഇറക്കുമതി ചെയ്യുന്ന പൊന്‍ വെള്ളരിയും, മറ്റു പച്ചകറികളും  വര്‍ണപൂക്കളുമാണ്‌ നമ്മുടെ ആഘോഷങ്ങള്‍ക്ക്‌ മാറ്റ്‌ കൂട്ടുന്നത്‌. കേരളം  ആധുനികതയുടെ ഉപഭോഗ ഭ്രാന്തില്‍ ആണ്ടുമുങ്ങിയ മനുഷ്യന്‍ ജാതിയുടെയും വര്‍ഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ പരസ്പരം തല്ലി ചാവുമ്പോള്‍     വിഷുപോലുള്ള ആഘോഷങ്ങള്‍ക്ക്‌ കേരളീയതയും, ഗ്രാമീണ ഭാവവും തനിമയും നഷ്ടമാകുന്നു. അല്ലെങ്കില്‍ തന്നെ വൈകിട്ടത്തെ "പരിപാടിയിലും" - ഇപ്പൊ വൈകിട്ടല്ല നേരം വെളുക്കുംപോഴേ പലരും തുടങ്ങുന്നു.. പിന്നെ  ടെലിവിഷന്‍ എന്ന idiot ബോക്സ്‌ ഇന്റെ മുന്നിലും ഇന്ന് പാവം മലയാളികള്‍ വിഷു "ആഘോഷിച്ചു"   തീര്‍ക്കുന്നു..
പ്രകൃതി താനേ ഒരുക്കുന്ന ഒരു ഉത്സവത്തിന്റെ പരിഛേദമാണ് വിഷു. മീനത്തിലെ കൊടുംവേനലില്‍ ഭൂമി കരിഞ്ഞുണങ്ങി നില്‌ക്കുമ്പോള്‍ നാട്ടിലെ കൊന്നമരങ്ങള്‍ ഇലകൊഴിച്ച്‌ നിറയെ മഞ്ഞപ്പൂക്കളുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് നയനാന്ദകരമായ കാഴ്ചയാണ്. ഈ സമയത്ത് നിറച്ചാര്‍ത്തുമായി മറ്റൊരു വൃക്ഷവും പൂത്തുവിലസാറില്ല. സൗവര്‍ണ്ണമായ സങ്കല്പങ്ങള്‍ക്ക് ചാരുത പകരുന്ന ഈ കൊന്നപ്പൂക്കള്‍ പ്രകൃതിയുടെ വിഷുക്കൈനീട്ടമാണ്. 
കണിക്കൊന്നകള്‍ക്ക്‌ ഐതീഹ്യം ഉണ്ട്,  അമ്പലത്തില്‍ കിടന്നുറങ്ങിപ്പോയ പാവപ്പെട്ട ഉണ്ണിയെക്കാണാതെ പൂജാരി അമ്പലം പൂട്ടിപോയി. കുട്ടി ഉറക്കമുണര്‍ന്നപ്പോള്‍ അവിടെ ആരുമില്ല. ഒറ്റക്കിരുന്നു കളിക്കുമ്പോള്‍ കൂട്ടിനായി ഉണ്ണികണ്ണനുമെത്തിയത്രേ. അപ്പോള്‍ തന്റെ അരമണി കളിക്കാനായി ഉണ്ണികണ്ണന്‍ കുട്ടിയ്ക്ക്‌ നല്‍കി. പിറ്റേന്ന്‌ വിഗ്രഹത്തിനുമേലുള്ള അരമണി കുട്ടിയുടെ അരയില്‍ കണ്ടപ്പോള്‍ പൂജാരി കുട്ടിയെ തല്ലി. അപ്പോള്‍ അശരീരിയായി ‘അരുതേ’ എന്ന ശബ്ദം കേട്ടു. അതിനുമുമ്പുതന്നെ കുട്ടി ഈ അരമണി എനിക്ക്‌ വേണ്ട എന്നു പറഞ്ഞ്‌ വലിച്ചെറിഞ്ഞു. അത്‌ തൊട്ടടുത്ത മരച്ചില്ലയില്‍ ചെന്ന്‌ പതിച്ച്‌ കൊന്നപ്പൂവായി മാറിയെന്നാണ്‌ ഐതിഹ്യം. 
മറ്റൊരു കഥ കഠിന തപസ്സിലൂടെ ഗര്‍ഗമുനി നേടിയ സിദ്ധികള്‍ ഇല്ലാതാക്കാന്‍ ഇന്ദ്രന്‍ ഒരു ദേവാംഗനയെ അയച്ചു. തന്നെ ഭ്രമിപ്പിക്കുന്നത്‌ ആ ദേവാംഗനയുടെ സൗന്ദര്യത്തേക്കാളും അവള്‍ചൂടിയ കൊന്ന പൂക്കളുടെ അഴകാണെന്ന്‌ ഗര്‍ഗമുനി മനസ്സിലാക്കി. അതോടെ പൂവിനെ മുനി ശപിച്ചു. ആരും തലയില്‍ ചൂടാതെ പൂജക്കെടുക്കാത്ത പൂവായിപ്പോകട്ടെ എന്ന്. കൊന്ന മരത്തിന്റെ മഞ്ഞ വിതാനത്തിനു താഴെവച്ചാണത്രെ ദുഷ്യന്തനും ശകുന്തളയും പ്രഥമ ദര്‍ശനത്താല്‍ അനുരക്തരായത്‌. 
വിഷു ദിനം കണിയാന്‍ വിഷുഫലം വായിക്കുന്ന ഒരു  ഏര്‍പ്പാട്‌ പണ്ട്‌ കേരളത്തില്‍ ഉണ്ടായിരുന്നു. ഓരോരുത്തരുടെയും നക്ഷത്രം നോക്കിയുള്ള ഫലവും. മൊത്തത്തിലുള്ള ഒരാണ്ടത്തെ ഫലവുമൊക്കെ രാശിക്കാര്‍ എഴുതി തയ്യാറാക്കുമായിരുന്നു. പുതുവര്‍ഷത്തില്‍ ഉണ്ടാകാവുന്ന ഋതുഭേദങ്ങളും കാലപ്പിഴകളുമൊക്കെ ഇക്കൂട്ടര്‍ പ്രവചിക്കുമായിരുന്നു. 
വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളില്‍ പറയുന്നത്‌. വിഷുവിന് കണികണ്ടുണരാന്‍ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളില്‍ പ്രധാനമാണ് കണിക്കൊന്നപ്പൂക്കള്‍. ഡല്‍ഹിയില്‍ മാത്രമല്ല കേരളത്തിലും വളരെ കൂടിയ വിലയ്ക്കാണ് വിഷുവിനു കണിക്കൊന്ന മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്, കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തില്‍ നിന്നാണ്. സംസ്കൃതത്തില്‍ കര്‍ണ്ണികാരമെന്നാണ് കൊന്ന അറിയപ്പെടുന്നത്. ശാസ്ത്രീയ നാമം കാഷ്യഫിസ്റ്റുല. ആരഗ്വധ, രാജവൃക്ഷ എന്നും സംസ്കൃതത്തില്‍ കൊന്നയെ പറയുന്നു. 
കൊന്നയ്ക്ക് ഔഷധ ഗുണമുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം ഇല്ലായ്മ ചെയ്യാനും, വാതം, പിത്തം, കഫം എന്നീ ത്രീദോഷങ്ങള്‍ ശമിപ്പിക്കാനും കൊന്നപ്പൂ നല്ലതാണ്. കൊന്നയുടെ തോല്‍ കഷായം വച്ച് രാവിലെയും വൈകുന്നേരവും സേവിച്ചാല്‍ ത്വക് രോഗങ്ങള്‍ മാറിക്കിട്ടും. ഇന്ത്യ, ശ്രീലങ്ക, മ്യാന്മാര്‍ എന്നിവിടങ്ങളില്‍ കണിക്കൊന്ന സമൃദ്ധമായി വളരുന്നു
ലക്ഷ്മിയെ ആദരിക്കലാണ് വിഷുക്കൈനീട്ടം. ഇത് ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായാണ് കാണുന്നത്. കുടുംബസ്വത്തിന്റെ ചെറിയൊരു പങ്ക് എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കുന്നു എന്നതിന്റെ പ്രതീകമാണ് വിഷുക്കൈനീട്ടം. ഇന്ന് മക്കളും മറ്റു കുടുംബങ്ങള്‍ തമ്മില്‍ സ്വത്തിനു വേണ്ടി തല്ലു കൂടുന്നു.. അച്ഛനോ മുത്തശ്ശനോ അമ്മാവനോ വീട്ടിലെ മുതിര്‍ന്നവരോ ആണ് കൈനീട്ടം നല്‍കുക. കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വര്‍ണ്ണവും ചേര്‍ത്തുവേണം വിഷുക്കൈനീട്ടം നല്‍കാന്‍. 
നാണയമാണ് കൈനീട്ടമായി നല്‍കുക. ഇപ്പോള്‍ നാം എല്ലാവരും സൗകര്യത്തിന് നോട്ടുകള്‍  ആണ് കയ്നീട്ടമായി നല്‍കാറ്കാ. കൈയില്‍ കിട്ടിയ നാണയമെടുത്ത് സ്വര്‍ണ്ണവും ധാന്യവും തിരിച്ചു വയ്ക്കും. കൊന്നപ്പൂ കണ്ണോടു ചേര്‍ത്ത് തലയില്‍ ചൂടും. 


ഇന്ന് ഇതെല്ലം ഓര്‍മ്മകള്‍ മാത്രമായി.. നാട്ടില്‍ ആരും കണിയുമായി വരാറില്ല.. കുട്ടികള്‍ക്ക് കാണു ഒരുക്കുന്നതില്‍ താല്‍പര്യവും ഇല്ലാതായി.. മോഹന്‍ലാല്‍ വൈകിട്ടെന്ത പരിപാടി എന്ന് ചോദികുന്നെങ്കില്‍ കുട്ടികള്‍ മാത്രമല്ല "ആബാല വൃധം " ഇപ്പോള്‍ ചോദിക്കുന്നതു "എങ്ങനയ ഇപ്പോള്‍ വല്ലതും നടക്കുമോ" .. ഇപ്പോള്‍ കണി ക്ക് പകരം വിഷു ഒരു കെണി ആയി മാറിത്തുടങ്ങി ..വ്യവസായ വല്‍ക്കരണം എന്ന കെണിയില്‍ പെട്ട് മാലോകര് മരിച്ചു ജീവിക്കുന്നു.

No comments: